Wednesday, February 24, 2010

പ്രണയം

പ്രണയമെങ്കില്‍
പാതിരാവിന്‍റെ മണവും
ഒരു പിടി പച്ച നോട്ടുകളുമെങ്കില്‍
എനിക്കും പ്രണയിക്കാനറിയാം!

Friday, February 5, 2010

വേലായുധന്‍!

പുക മണക്കുന്ന മുറിയില്‍
അമ്മയുടെ ചുമ മണക്കുന്നു
പായല്‍ പിടിച്ച ചുമരുകളില്‍
മഴ ഈറനൊടുക്കുന്നു.

ഇരുട്ടിന്‍റെ ആത്മാവിലെ വേലായുധന്‍
പിന്നിലുച്ചത്തില്‍ അലറുന്ന പോലെ
കുരുത്തം കെട്ടൊരു കറുത്ത നരിച്ചീറു
കാതിനു പിന്നില്‍ കൂകിപ്പറന്നു.

കോവണിപ്പടി കരയുന്നു, മാറാല വീണു
മാരണം!! പ്രാകിപ്പോയി പതിയെ,
പണത്തുട്ടുകള്‍ വാരി വിതറിയ പോലെ
മച്ചില്‍ വെളിച്ച വട്ടുകള്‍...

ചിതലരിച്ച കിനാവുകളുടെ
ഓലപ്പഴുതിലെ വെളിച്ചങ്ങളില്‍
ചിത്രം വരയ്ക്കുന്ന അമ്മയുടെ
ചുമ മണക്കുന്ന വെളുത്ത പുക!

ചെളികുത്തിക്കളയാത്ത, നഖം നീണ്ട
വിരലുകൊണ്ടു തറയിലെ പൊടിയില്‍
പാടുകള്‍ തീര്‍ത്തു മടുത്തു..
വിരല്‍തുമ്പിലിന്നും ചോര പൊടിഞ്ഞു!

കത്തിച്ച ബീടിപ്പുക പിന്നെയും നെഞ്ചില്‍
ആഞ്ഞുകുത്തി ചുമപ്പിച്ചു,പേടിച്ചു പൊങ്ങിയ
പൊടി പിന്നെയും പിന്നെയും, കണ്ണിലുറഞ്ഞ
നീരെന്നെ ഇരുട്ടിന്‍റെ മൂലയിലിട്ടു കൊന്നു..

താക്കോല്‍ പഴുതില്‍ കണ്ണു ചേര്‍ത്തു
വെള്ളമുണ്ടിലെന്‍ അമ്മയെ തേടുമ്പോള്‍
കാലിലെ വളയങ്ങളിരുളിലൊരു
പാമ്പായി പിന്നെയും വന്നെന്നെ പുണരുമ്പോള്‍

മച്ചിലെ ദ്വാരങ്ങളിലൂടെ പൊഴിയുന്ന
നാണയങ്ങള്‍ പെറുക്കി മടുക്കുമ്പോള്‍
അമ്മ ചുമയ്ക്കുമ്പോള്‍ അറിയാം...
ഞാനുമൊരു വേലായുധനെന്ന്...!!!