Wednesday, January 13, 2010

പ്രണയം

ദൂരെയെങ്ങൊ നനഞ്ഞ തലയണയില്‍
മുഖമമര്‍ത്തി തേങ്ങലടക്കുന്ന നിന്നെ,
അലമാരയിലെ ചിതലെടുത്ത പ്രണയലേഖനങ്ങളെ
നിന്‍റെ കവിളില്‍ തിണര്‍ത്ത
എന്‍റെ വിരല്‍പ്പാടുകളെ,
മറവിയുടെ ശവക്കുഴിയില്‍ പുതച്ച
നിന്‍റെ നനഞ്ഞ കണ്ണുകളെ,
കാതിലുരുകുന്ന നിന്‍റെ വിങ്ങലുകളെ,
എന്‍റെ  നെഞ്ചില്‍ ചാലിട്ടൊഴുകിയ
നിന്‍റെ വിയര്‍പ്പിനെ,
എനിക്കു നഷ്ടപ്പെടുന്ന നീയരികിലില്ലാത്ത
എന്‍റെ വരണ്ട ദിനരാത്രങ്ങളെ,
നെഞ്ചു കുത്തിപ്പഴുക്കുന്ന വേദനകളെ
നിഴല്‍ക്കുത്തുകുത്തി തളര്‍ന്ന
എന്‍റെ മോഹങ്ങളെ,
നിന്‍റെ അരക്കെട്ടുചുറ്റിപ്പിടിച്ചു
ഞാന്‍ നടന്നു തീര്‍ത്ത വഴിത്താരകളെ

ഒരു സാമ്പ്രാണിപ്പുകയില്‍ ഒടുക്കി
ഒരു ചെപ്പിനുള്ളിലൊതുക്കി
എള്ളുരുമ്മി നനച്ചു പൂവുചാര്‍ത്തി
പുറം തിരിഞ്ഞു നീറ്റിലിട്ടു
മുങ്ങിനീര്‍ന്നു ഈറനോടെ,


എന്നിട്ടും.....
ഞാനിന്നും എന്നും പ്രണയിക്കുന്നു
നനഞ്ഞ നാക്കിലയിലെ
കാക്ക കൊത്തിവലിക്കുന്ന
ചീഞ്ഞു തുടങ്ങിയ നിന്‍റെ ഹൃദയത്തിനെ.

Saturday, January 9, 2010

ചിത

ഒരിലയില്‍ കുത്തി മുള്ളൊടിഞ്ഞു
നാഭിച്ചുഴി മുതല്‍ മൂന്നടി
മുകളിലേക്കളന്നിരുമ്പാണി തറച്ചു
പാതാളത്തില്‍ പാമ്പു കയറി...

മാറാല തൊങ്ങുന്ന കാതുകളില്‍
നരിചീറുകള്‍ തലകീഴായ്
നീലച്ച ദേഹം നോക്കി അയാള്‍
വിഷം കേറിയതെന്ന്...

വിണ്ടു കീറിയ ചുണ്ടുകളില്‍ തേച്ച
ചായം നക്കിയ നാവിന്റെ  ആരുചി മനസ്സിന്-
കണ്ണിലൊരായിരം അമാവാസികള്‍
ഒന്നിച്ചു പൊട്ടിയൊലിച്ചു..

വഴിതെറ്റി വന്ന കാറ്റു പോലും
ഉമ്മറതിരിക്കാതെ വിളക്കണച്ചു
തിരിയേറ്റി വച്ചിട്ടും
കയ്യോണ്ടു മറച്ചിട്ടും

നേരമായെന്ന്, തൊടിയില്‍
വിറകുകള്‍ തൂര്‍ന്നു
വേണ്ടെന്നെത്ര അലറിയിട്ടും
അവരെന്നെ തീ കൂട്ടി കത്തിച്ചു!

Tuesday, January 5, 2010

അര്‍ബുദം

ആദ്യം അര്‍ബുദം ബാധിച്ചത് വിരലുകള്‍ക്കായിരുന്നു
വരച്ചു വരച്ചു വിരലുകളില്‍ വ്രണം പഴുത്തൊലിച്ചു.
വായിച്ചു തീര്‍ത്ത അക്ഷരങ്ങള്‍ ചിതലുകളായി
നരച്ച മുടിനാരുകള്‍ക്കിടയില്‍ പുറ്റു തീര്‍ത്തു..
കുടിയൊഴിഞ്ഞു പോയ കൂട്ടുകാരി അപ്പുറത്തെ തെരുവില്‍
വാടകയ്ക്കു മുറിയെടുത്തു...

ചുമച്ചു തുപ്പിയ കഫത്തില്‍ ചോര നൂലുകള്‍..
ചവിട്ടി നില്‍ക്കാന്‍ കൊടുത്ത ചെറുവിരലും
കൊതിയോടെ വളര്‍ത്തിയ മുടിക്കെട്ടും ഉതിര്‍ന്നു.
കാഴ്ച മൂടിയ കണ്ണുകളില്‍ പഴുപ്പ്...

മുകളില്‍ കറങ്ങുന്ന ഫാന്‍..
എപ്പൊഴൊ മുഖം വടിച്ചെറിഞ്ഞ
ഒരു മുറി ബ്ലെയ്ഡ് താഴെ..
വിധിക്കു കീഴടങ്ങണൊ? വിധിയെ കീഴ്പ്പെടുത്തണൊ?..